2015, ജൂലൈ 24, വെള്ളിയാഴ്‌ച

ഉണ്ണിമോളുടെ കുസൃതികൾ

നമ്മുടെ ഉണ്ണി മോൾ

ഉണ്ണിമോൾ  മഹാ കുസൃതിക്കാരിയാണ്. ഒരു അനുസരണയുമില്ല. പ്രായം 8 വയസ്സ്. ക്ലാസ്സിൽ അടുത്തിരിക്കുന്ന കുട്ടികളെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരിക്കും.  ക്ലാസ്സിൽ അടങ്ങിയിരിക്കില്ല. ടിച്ചർക്കും ഈ കുട്ടിയെ മടുത്തു. പാഠങ്ങൾ ശരിക്കും പഠിക്കില്ല.  ബോർഡിൽ നിന്ന് പകർത്തിയെഴുതില്ല. ചോദ്യം ചോദിച്ചാൽ ക്ലാസ്സിൽ നൃത്തം വെയ്ക്കും. പരിക്ഷാ പേപ്പറിലാകട്ടെ ഉത്തരങ്ങൾ എഴുതില്ല. സ്കൂളിൽ നിന്ന് എന്നും പരാതി മാത്രം.

വീട്ടിലാകട്ടെ വീട്ടുകാർക്ക് ഇരിക്ക പൊറുതി കൊടുക്കില്ല. അതുമിതും വലിച്ചിട്ട് ബഹളം വെച്ച് നടക്കും. ഭയങ്കര വാശിയാണ് അവൾക്ക്. എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കില്ല എന്നു മാത്രമല്ല ഉച്ചത്തിൽ അലറി വിളിക്കും. സാധനങ്ങൾ വലിച്ചറിയും. സ്വയം  മുടി വലിച്ച് പറിക്കും. എന്തെങ്കിലും സാധനങ്ങൾ  കിട്ടണമെന്ന് നിർബന്ധ  വാശി. എപ്പോഴും തുള്ളി ചാടി നടക്കും. കണ്ണും മൂക്കുമില്ലാതെ, ബെല്ലും ബ്രേക്കുമില്ലാതെ ഓടും. ചിലപ്പോൾ ഇലട്രിക്ക് പ്ലഗ്ഗിൽ വിരൽ കടത്താൻ നോക്കും. എപ്പോഴും ഇവളെ നിരീക്ഷിച്ചുകൊണ്ടിരിക്കണം.

ആദ്യം കുട്ടിക്ക് പഠിക്കാൻ  താൽപ്പര്യക്കുറവാണെന്നാണ് വീട്ടികാർ മനസ്സിലാക്കിയത്. വേഗതയിലുള്ള സംസാരവും വേഗതയിലുള്ള പ്രവർത്തികൾ മൂലുവും മാതാപിതാക്കൾക്ക് സഹി കെട്ടു. എല്ലാകര്യത്തിലും ഒരു  അശ്രദ്ധ. പഠിച്ചത് പെട്ടെന്ന് മറക്കുക മൂലം  ക്ലാസ്സിൽ മറ്റു കുട്ടികൾ ഉണ്ണിമോളെ മന്ദബുദ്ധി എന്നാണ് വിശേഷിപ്പിച്ചത്. കൊടുക്കുന്ന പണി പാതി വഴിയിൽ വിട്ടു പോകും. വരിയിൽ കാത്തു നിൽക്കാൻ ഇവൾ സമ്മതിക്കില്ല. ഇടക്കു കയറി സംസാരിക്കും. വീട്ടുകാർക്ക് അതിൽ അമർഷം തോന്നി. ബന്ധുക്കൾ അവളെ ഓമനിച്ചു വളർത്തുന്നതിൻറെ ദോഷമാണെന്ന് കുറ്റപ്പെടുത്തി.

ഒരു അടുക്കും ചിട്ടയുമില്ല ഉണ്ണിമോളുടെ ജീവിതത്തിന്. സ്കൂളിൽ പോകുന്നതിനു വാഹനം വരുന്നതുവരെ ഭക്ഷണം കഴിക്കില്ല. എന്നാൽ വാഹനം വന്നാലോ ഭക്ഷണം കഴിക്കുവാൻ  തുടങ്ങി. ടോയലറ്റ്യാദി  ദിനചര്യകളൊന്നും ശരിക്കും നടത്തില്ല. എവിടെയെങ്കിലും പുറത്തു പോയാലോ അടങ്ങിയിരിക്കില്ല. ക്ഷേത്രത്തിൽ പോയലോ, തൊഴാൻ അനുവദിക്കില്ല. ബന്ധുവീട്ടിൽ പോയാലോ പുറത്തേക്ക് ഓടിക്കളയും.
അങ്ങിനെ ഉണ്ണിമോളുടെ അമ്മയും അമ്മൂമ്മയും കുടി ഒരു ഡോക്റ്ററെ കാണാൻ പോയി. അമ്മയും അമ്മൂയും കൂടി ഉണ്ണിമോളെ വലിച്ചിഴച്ച് ഡോക്റ്ററുടെ മുന്നിലേക്ക് കൊണ്ടുവന്നു. ക്ഷണ നേരം കൊണ്ട് അവൾ അവിടെ നിന്ന് ഓട്ടോറിക്ഷയിൽ കയറി ഡ്രൈവറുടെ മോബൈൽ കുട്ടുന്നതിനായി വാശി പിടിച്ചു. ഗത്യന്തരം ഇല്ലാതെ അയാൾ അവൾക്ക് കൊടുത്തു.

അമ്മയേയും അമ്മൂമയേയും കൂടികാഴച നടത്തിയ ശേഷം അവളെ  സാവകാശം ക്ലീനിക്കിലേക്ക് വിളിച്ചു. അവൾ ഡൈവരുടെ  മോബൈലുമായി വന്നു. മോബൈൽ അൽപ്പം കഴിഞ്ഞു തരാമെന്ന് സമ്മതിപ്പിച്ച്  ഉണ്ണി മോളുമായി സംസാരിച്ചു തുടങ്ങി. അവൾ ഇണങ്ങി കഴിഞ്ഞപ്പോൾ മോബൈൽ ഡ്രൈവർക്ക് തിരിച്ചു കൊടുത്തു. സന്തോഷവതിയായി അവൾക്ക് കൊടുത്ത ടെസ്റ്റുകൾ ചെയ്തു തീർത്തു.

ഇത്തരം ലക്ഷണങ്ങൾ നിരന്തരം കാണുകയാണെങ്കിൽ ഇതിനെ ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍ (Hyperkinetic disorder) അല്ലെങ്കിൽ അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (Attention Deficit Hyperactivity Disorder-ADHD) എന്നാണ് അറിയപ്പെടുന്നത്. ഇത് ഉണ്ണിമോൾ അറിഞ്ഞു കൊണ്ട് വരുത്തുന്ന സംഭവമല്ല. പിന്നയോ ശ്രദ്ധ, ഏകാഗ്രത, ആത്മനിയന്ത്രണം എന്നിവയെ നിയന്ത്രിക്കുന്നത് തലത്തോറിൻറെ മധ്യഭാഗത്തുള്ള ടെമ്പോറല്‍  ഭാഗവും (Temporal lobe), മുന്നിലുള്ള ഫ്രോണ്ടല്‍  ഭാഗവും(Frontal lobe) ചേർന്നുള്ള ഏകോപന രീതിയുലുള്ള പ്രവര്‍ത്തനമാണ്.  ഇവയുടെ പ്രവര്‍ത്തനങ്ങളിലെ കാലതാമസവു മാണു ഹൈപ്പര്‍കൈനറ്റിക് കുട്ടികളുടെ പ്രശ്നം.
തലച്ചോറിലെ ചില അവശ്യരാസവസ്തുക്കളുടെ   അസന്തുലിതാവസ്ഥയുടെ ഫലമാണ് ഈ  രോഗ കാരണം. ഗര്‍ഭവതിയായിരിക്കുന്ന കാലത്ത് ഉണ്ടാകുന്ന രോഗങ്ങളും, നന്നേ ചെറുപ്പത്തിലെ പോഷകാഹാരക്കുറവും, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടും, അച്ഛൻറെ മദ്യപാനശീലങ്ങളും, ചില ഹോര്‍മോണ്‍ തകരാറുകളും തുടങ്ങീ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങളും ഇതിൻറെ പിറകിലുണ്ടാകാം.മുൻ പറഞ്ഞ കാരണങ്ങൾ കൊണ്ടല്ലാതെയും ഈ രോഗം കണ്ടേക്കാം. ചുരുക്കി പറഞ്ഞാൽ തലച്ചോറിൻറെ വളര്‍ച്ചയിലുള്ള സാവകാശവും അതു മൂലമുള്ള പ്രവര്‍ത്തനതകരാറുമാണു ഈ രോഗത്തിൻറെ ശാരീരികാടിസ്ഥാനം.

ഇത്തരംകുട്ടികളെ നിരന്തരം കഠിനായി അടിച്ചും  ശാസിച്ചും ക്ലാസ്സിനു പുറത്തു നിര്‍ത്തിയും നേരെയാക്കാന്‍ മുതിര്‍ന്നവര്‍ നോക്കാറുണ്ട്. അതു കൊണ്ടൊന്നും കാര്യമായ ഒരു  പ്രയോജനവും ലഭിക്കാറില്ല. ഇത്തരം പ്രവണതകൾ കുട്ടികള്‍ക്കു മാനസിക വിഷമവും നിഷേധാത്മക സ്വഭാവവും സംഭാവന ചെയ്യുന്നു.കാലന്തരത്തിൽ  പഠന നിലവാരം  മോശമാവുകയും കൌമാര പ്രായം ചെല്ലുമ്പോള്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗം, ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നുപെടുകയും പ്രശ്നക്കാരായി തീരുവാൻ സാദ്ധ്യതയുമുണ്ട്.

മാതാപിതാക്കളും മറ്റുള്ളവരും അനുവർത്തിക്കേണ്ടത്.

കുട്ടിയുടെ നല്ല ഗുണങ്ങളെ എപ്പോഴും പുകഴ്ത്തുക. കുട്ടി ഒരോ നല്ല കാര്യങ്ങളും  ചെയ്യുമ്പോൾ ആ കാര്യം പറഞ്ഞുതന്നെ കുട്ടിയെ നന്നായി പ്രശംസിക്കുക. ഉദാഹരണം; 'ഇന്നു നമ്മൾ ക്ഷേത്രത്തിൽ പോയപ്പോൾ നീ എൻറെ  കൂടെത്തന്നെ നല്ല കുട്ടിയായി നിന്നു.'
വ്യക്തവും പൊതുസ്വഭാവമുള്ളതുമായ നിർദ്ദേശങ്ങൾ കൃത്യമായും, ചുരുക്കിയും നല്കുക. ഉദാഹരണം.: 'മുറി ശുചിയായി സൂക്ഷിക്കണം‍‍‌' എന്നു പറയുന്നതിന് പകരം 'ബാഗും,  വസ്ത്രങ്ങളും ഓരോ നിശ്ചിത സ്ഥാനത്ത് വെക്കണം' എന്ന രീതിയിൽ പറയുക.
എപ്പോഴും കുട്ടിയോട്  ദേഷ്യപ്പെടുകയും ഒരേകാര്യം തന്നെ പറഞ്ഞ്  നിരന്തരം വിമർശിക്കുകയും ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടിയെ പരിഹസിക്കുകയും പുഛിക്കാതിരിക്കുകയും ചെയ്യുക.

കുട്ടിയെ പഠിപ്പിക്കുമ്പോൾ കൊച്ചു കൊച്ചു വാചകങ്ങളിൽ കൂടി നിർദ്ദേശങ്ങൾ കൊടുക്കുക. വസ്തുതകൾ  കഥാരൂപേണ പരസ്പരം ബന്ധിപ്പിച്ചു പഠിപ്പിക്കുന്നത് സംഗതികൾ ഓർമയിൽ തങ്ങി നില്ക്കാൻ കൂടുതൽ സഹായികരമാകും.

മറ്റു കുട്ടികളുമായി കളിക്കുമ്പോഴും ഇടപഴകുമ്പോഴും  പെട്ടെന്നു ക്ഷോഭിക്കാനും തല്ലുകൂടാനുമുള്ള സാധ്യതഏറെയുള്ളതിനാൽ എപ്പോഴും ഒരു മേൽനോട്ടം അനിവാര്യമാണ്.
എന്തെങ്കിലും ഒരു വസ്തു ഉടൻ കിട്ടണം എന്നു പറഞ്ഞു വാശി വയ്ക്കുമ്പോൾ ഇന്നു വാങ്ങിത്തരനാകില്ലയെന്നും  നാളെയാകട്ടെ  എന്നു കർശനമായി പറഞ്ഞ് പിന്നീടുണ്ടാക്കുന്ന ബഹളത്തിനെ  അവഗണിക്കുക.
തുടർച്ചയായി കാർട്ടൂണുകളും കമ്പ്യൂട്ടർ ഗെയിമുകളും കണ്ടുകൊണ്ടു ഇരിക്കുന്നത് പരമാവധി ഒഴിവാക്കണം.


കൃത്യമായ ഒരു  ടൈംടേബിള്‍ ഉണ്ടാകണം.

കുട്ടിക്ക്‌ ഒരു ദിവസം മുഴുവന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്കായി ഒരു ടൈംടേബിള്‍ ക്രമപ്പെടുത്തണം. അതു കൃത്യമായി പാലിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക. പ്രോത്സാഹനം നൽകുക. കളിക്കാനും ഹോം വർക്ക്  ചെയ്യാനുമൊക്കെ കൃത്യ സമയം നിശ്ച്ചയിക്കണം. ഓരോ പ്രവർത്തിയും ചെയ്തു കഴിയുമ്പോൾ അതു  ടൈംടേബിളിൽ കൃത്യമായി  രേഖപ്പെടുത്താനും കുട്ടിയെ പരിശിലിപ്പിക്കണം. 'എന്തു പ്രവർത്തിക്കരുത്' എന്നു പറയുന്നതിനു പകരം എന്തു പ്രവർത്തിക്കണം എന്നു പറഞ്ഞു കൊടുക്കുക. ചാടരുത് എന്നു പറയുന്നതിനു പകരം നിൽക്കൂ എന്നു പറയണം.
ഇത് ഒരു രോഗാവസ്ഥയാണെന്നും, അതിന് വേണ്ട ചികിത്സ ചെയ്യാതെ തരമില്ല. കുട്ടികുറുംപാണെന്ന് പറഞ്ഞ് ഒരിക്കലും അവഗണിക്കരുത്. ബിഹേവിയർ തെറാപ്പിയാണ് കൂടുതൽ അനുയോജ്യം . എന്നാലും ഔഷധ ചികിത്സയും ഉത്തമമാണ്. സമർത്ഥനായ ഒരു ഹോമ്യോ ചികിത്സകന് അനുയോജ്യമായ ഔഷധം നൽകാൻ കഴിയും.

സ്കൂൾ വിദ്യാലത്തിൽ 3%വിദ്യാർത്ഥികൾക്കും ഈ അസുഖം ഉണ്ടെന്ന് ഗവേഷണം പറയുന്നു. പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്കാണ് ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നത്. 50%  രോഗികളിലും പ്രായ പൂർത്തിയായ ശേഷവും കണ്ടു വരാറുണ്ട്. അവർ ചിലപ്പോൾ സാമൂഹ്യവിരുദ്ധരും, അക്രമികളും, പെരുമാറ്റ വൈകല്യമുള്ളവരും, കളവു പറയുന്നുവരും ആയി തീർന്നേക്കാം. അതുകൊണ്ട് മാതാ പിതാക്കൾ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്.  ചികിത്സയുടെ വിശദ വിവരങ്ങൾ വിസ്താരഭയത്താൽ ഇവിടെ പ്രദിപാദിക്കുന്നില്ല.

Dr. MOHAN P.T., 
Phone No: 0487 2321344
 MOB: 8281652944 &9249993028.
E mail: dr.mohanji@hotmail.com





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ